---
title: "ജീജിത്തിന് കണ്ണീരിൽ കുതിർന്ന വിട നൽകി ബന്ധുക്കളും, സഹപ്രവർത്തകരും ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു"
english_title: "Jeejith was given a tearful farewell by his relatives and colleagues; The body was cremated in the presence of a large crowd"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161634/Jeejith was given a tearful farewell by his relatives and colleagues; The body was cremated in the presence of a large crowd"
published_at: "2023-11-12T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550d749e5fca_IMG-20231112-WA0078.jpg"
keywords: []
---

# ജീജിത്തിന് കണ്ണീരിൽ കുതിർന്ന വിട നൽകി ബന്ധുക്കളും, സഹപ്രവർത്തകരും ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു

> **Lead Summary:** ജീജിത്തിന് കണ്ണീരിൽ കുതിർന്ന വിട നൽകി ബന്ധുക്കളും, സഹപ്രവർത്തകരും ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

## Article Content

ജീജിത്തിന് കണ്ണീരിൽ കുതിർന്ന വിട നൽകി ബന്ധുക്കളും, സഹപ്രവർത്തകരും ; മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു.

കാൽനടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ അക്രമത്തിനിരയായി ഇറങ്ങിയോടി ട്രെയിൻ തട്ടി മരിച്ച പി.വി ജീജിത്തിന് കണ്ണീർ പ്രണാമമർപ്പിച്ച് ബന്ധുക്കളും, സഹപ്രവർത്തകരും.

പരിയാരത്തെ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകീട്ട് നാലു മണിയോടെയാണ് മൃതദേഹം മനേക്കരയിലെ കൈരളി ബസ് സ്റ്റോപ്പിന് സമീപത്തെ വീട്ടിലെത്തിച്ചത്. ഭാര്യ തുളസിയും, മകൾ അൻസിനയും ജീജിത്തിൻ്റെ ചേതനയറ്റ ശരീരം കണ്ട് വാവിട്ട് നിലവിളിച്ചത് കണ്ടു നിന്നവരിലും കണ്ണീരുളവാക്കി.

വീട്ടുമുറ്റത്ത് നടന്ന പൊതുദർശനത്തിലും ബസ് ജീവനക്കാരും, നാട്ടുകാരുമുൾപ്പടെ നിരവധിയാളുകൾ സംബന്ധിച്ചു.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡണ്ട് എൻ ഹരിദാസ്, കതിരൂർ മണ്ഡലം പ്രസിഡണ്ട് ഒ. സന്തോഷ് ഉൾപ്പടെ നിരവധിയാളുകൾ അന്തിമോപചാരമർപ്പിച്ചു.

വൈകീട്ട് നാലരയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. തലശേരി പുന്നോൽ പെട്ടിപ്പാലത്ത് ശനിയാഴ്ച വൈകിട്ട് 6.15നാണ് വടകര - തലശ്ശേരി റൂട്ടിൽ ഓടുന്ന ‘ഭഗവതി’ ബസ് അപകടത്തിൽപ്പെട്ടത്.

വടകര ഭാഗത്തുനിന്നും തലശേരി ഭാഗത്തേക്കു വരികയായിരുന്ന ബസ്, പെട്ടിപ്പാലം പഴയ കള്ളുഷാപ്പിനു സമീപത്തുവച്ച് റോഡിൽകൂടി നടന്നുപോകുകയായിരുന്ന മുനീറിനെ ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ജനക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്ത‌ിനെ പിന്നാലെ ഓടി ചില യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വരികയും ചെയ്തിട്ടുണ്ട്.

മർദനം ഭയന്ന് ഓടിയ ജീജിത്ത് റെയിൽവേ ട്രാക്ക് മറിക്കടക്കവെ കുതിച്ചെത്തിയ എമു ട്രെയിൻ ഇടിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയെങ്കിലും ജീജിത്ത് തൽക്ഷണം മരിച്ചു. കാലിന് പരുക്കേറ്റ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതരായ വലിയപറമ്പത്ത് വാസു - നളിനി ദമ്പതികളുടെ മകനാണ് ജീജിത്ത്. തുളസിയാണ് ഭാര്യ. അൻസിന, പരേതയായ നിഹ എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161634/Jeejith was given a tearful farewell by his relatives and colleagues; The body was cremated in the presence of a large crowd)